Monday, December 14, 2009

കസ്റ്റമര്‍ ഡിലൈറ്റ്

അടാപിടി മഴ, തൊഴുമ്പ്, ചളിപിളി. മീശക്കാരന്‍ അന്തപ്പനു ദോശ തിന്നാന്‍ ഒരാശ തോന്നി. തൊട്ടപ്പുറത്ത് ബാറുണ്ടായിട്ടും ദോശാസക്തനായതില്‍ സന്തോഷിച്ച് തോന്നിയേടത്ത് നിര്‍ത്തി വണ്ടി. സംഗീത ഹോട്ടലില്‍ കേറി. വാങ്ങി പോയിക്കളയാം- കുളിക്കാതെ ഭക്ഷണം കഴിക്കാന്‍ തോന്നുന്നില്ല.

" ഒരു മസാലദോശ ടേക്ക് എവേ."

ക്രീങ്ങ്.... ദാ വിളിക്കുന്നു ലവന്‍. കോപ്പന്‍‌ഹാഗനില്‍ എന്തരേലും നടക്കുമോന്ന് ചോദിക്കുന്നു. എന്റെ ഒരു വലിപ്പമേ, ലോകത്തെ സകല നേതാക്കന്മാരും കിടന്നു വിരകുന്നേടത്ത് എന്തു നടക്കുമെന്ന് ഞാന്‍ പറയുന്നു!

അന്തരീക്ഷത്തില്‍ ചെന്താമര... വെണ്ടുരുത്തീല്‍ കുന്തിരിക്കം... മനാലിയില്‍ മഞ്ഞില്ല... മാലി ഏലേമാലി പാടുന്നു

എടയ്ക്കൂടെ ക്യാഷ് കൗണ്ടറില്‍ ഇരുന്നയാള്‍ ഇന്റര്‍‌കോമില്‍ പറയുന്നതും കേട്ടു
"തമ്പീ, മസാലദോശ ശ്രീഘ്രമാ എടുത്തുക്കൊ. ഇന്ത സാറ് വന്ത് ഒമ്പത് വര്‍ഷമാ നമ്മ കസ്റ്റമര്‍. ജാസ്തി വെയിറ്റ് പണ്ണ വയ്ക്കാതെ."

ഒമ്പതു വര്‍ഷത്തിനിടയില്‍ പരമാവധി ഒമ്പതു തവണ പോയിട്ടുണ്ടാകും അവിടെ. ആരോടും ഒരു കുശലവും പറഞ്ഞിട്ടില്ല. രണ്ടാഴ്ച മുന്നേ ഒരു കൂട്ടുകാരന്‍ വന്നപ്പോള്‍ ചായ കുടിക്കാന്‍ കയറിയിരുന്നു, അന്ന് ആരുടെയും മുഖം പോലും ശ്രദ്ധിച്ചില്ല.

ഒരുമാതിരി നമ്പരൊക്കെ കണ്ടാല്‍ തിരിച്ചറിയാം, ഈ ഒമ്പത് മുക്കുപണ്ടമല്ല. ഇതിനടുത്ത് ഫ്ലാറ്റ് നോക്കാന്‍ വന്നപ്പോഴാണ്‌ ആദ്യം ഇവിടെ കയറിയത്. അന്നും ആരെയും ശ്രദ്ധിച്ചിട്ടില്ല.

കോപ്പനെ ഡിസ്കണക്റ്റ് ചെയ്ത് അങ്ങേരെ നോക്കി ചിരിച്ചു. ദാ വരുന്നു മലയാളത്തമിഴ്
" മകന്‍ സ്കൂളിലേ പോയി തുടങ്ങിയാ സാര്‍?"
എനിക്കു വയ്യ.

2 comments:

ajeeshmathew karukayil said...

One satisfyed customer gets another.

Tom Sawyer said...

ഉം തന്നെ തന്നെ ..
പണ്ടാരുന്നെങ്കില്‍ - ഒരു ക്രൈസിസ് കാലഘട്ടത്തിന് മുമ്പ് കാരാമ സംഗീതേന്ന് ഒരു മസാല ദൊശേം ഫില്‍ട്ടര്‍ കോഫീം കഴിക്കണോ‍ങ്കി ഒരു അര മണിക്കൂറ് പുറത്ത് വൈറ്റ് ചെയ്യണമായിരുന്നു ..ഇപ്പം മിക്കവാറും കാലിയാണ് ...കസ്റ്റമര്‍ കെയര്‍ കൂടും . :)