Thursday, July 30, 2009

സെണ്ട്രല്‍ കേരളൈറ്റ് ക്രിസ്റ്റ്യന്‍ ഫാമിലി ഒണ്‍ളി

അന്തപ്പാ നീ വീട് റീഫര്‍ണിഷ് ചെയ്യുന്നെന്ന് കേട്ടല്ലോടോ ഊവ്വേ?
കഴിഞ്ഞ്. ഒള്ള പട്ടിയേലും കഴുക്കോലും അടിച്ചു കൂട്ടി ഒരു തരത്തില്‍ ഒപ്പിച്ച്.

നേരത്തേ പറയണ്ടേ, നമ്മടെ കയ്യില്‍ ഫര്‍ണിച്ചര്‍ ഉണ്ടാക്കുന്ന നല്ല പാര്‍ട്ടി ഒണ്ടാരുന്ന്.
അറിഞ്ഞില്ല, ഇനി ആരെങ്കിലും ഫര്‍ണിഷ് ചെയ്യുന്നെങ്കി പറയാം. ആളാരാ?

ഫ്രണ്ടാ, പേര്‌ സഫറുള്ള ബട്ട്.
ബട്ട്? പാക്കിസ്താനിയാ അല്ലേ? പട്ടാണി ഫര്‍ണിച്ചര്‍ വാങ്ങി ഞാന്‍ സഫര്‍ ചെയ്തതാ പണ്ട്.

ഇതങ്ങനെയുള്ള ആളല്ല, മിടുക്കനാ, ഡീസന്റും.
ഇയ്യാക്ക് ഇതിനെ എങ്ങനെ പരിചയം?

പുള്ളിയും ഫാമിലിയുമാണ്‌ എന്റെ ഫ്ലാറ്റ് ഷെയര്‍ ചെയ്യുന്നത്, നല്ല ആളുകളാ.
ങേ? ഇന്നാളി ഫ്ലാറ്റ് ഒഴിഞ്ഞപ്പോ ഞാന്‍ ആ പ്രമോദിനു കൊടുക്കുമോന്ന് ചോയിച്ചതാരുന്നല്ല്, അപ്പ നീ പറഞ്ഞ് കൃസ്ത്യാനികള്‍ക്ക് മാത്രമേ കൊടുക്കൂ അതും ആലപ്പുഴക്കിപ്രത്തും തൃശൂരിനപ്രത്തും ഉള്ള ആര്‍ക്കും കൊടുക്കൂല്ലെന്ന്.

അന്നങ്ങനെ പറഞ്ഞാരുന്ന്.
എന്നിട്ട് ആരെയും കിട്ടീല്ലേ?

കിട്ടി കിട്ടി. ഒരു ഇടുക്കിക്കാരനും ഭാര്യേം വന്നു കൂടി.
എന്നിട്ട് ആളു പോയോ?

ഒവ്വ. രണ്ടാമത്തെ ചെക്ക് വണ്ടി. കാശുചോദിച്ചപ്പ ഇന്ന് നാളെ മറ്റന്നാള്‌, ജോലിയില്ല, ഭാര്യക്ക് ഓപ്പറേഷന്‍ എന്നൊക്കെ പറഞ്ഞ്. മൂന്നാലു മാസം കഴിഞ്ഞപ്പ ഞാന്‍ ഒന്ന് കടുപ്പിച്ച്.
എന്നിട്ട്?

അവന്‍ മുങ്ങി. പോയ പോക്കില്‍ എന്റെ ലാപ്പ്‌ടോപ്പും ഭാര്യ കുളിമുറീല്‍ ഊരിവച്ച വളയും കൊണ്ട് പോയി.
തള്ളേ! ആളു നാട്ടില്‍ കേറി പോയോ?

ഏയ് ഇല്ലെടോ. ദാ അടുത്തു തന്നെ താമസിക്കുന്നു.
പ്യാലകളെ അറിയിച്ചില്ലേ?

ഞാനായിട്ട് വിളിക്കേണ്ടി വന്നില്ല, പോലീസ് എന്നെ തിരക്കി ഓഫീസില്‍ വന്നു.
അതെങ്ങനെ?

പോയവന്‍ പോണ പോക്കില്‍ പോലീസില്‍ ഒരു പരാതിയും കൊടുത്തിട്ടാ പോയത്. ഞാന്‍ രാത്രി കുടിച്ചിട്ട് വന്ന് അവന്റെ ഭാര്യയെ തെറി പറഞ്ഞെന്നും അതുകൊണ്ടാണു സ്ഥലം വിടേണ്ടി വന്നതെന്നും.

എന്നിട്ടെന്തരായി?
എന്താകാന്‍, സ്റ്റേഷനില്‍ അവന്റെ ഭാര്യ നല്ലതുപോലെ കരഞ്ഞു കാണിച്ചു. ഒടുക്കം ഞാന്‍ അയ്യായിരം ദിര്‍ഹം കോമ്പന്‍സേഷനും കൊടുത്ത് മാപ്പും എഴുതിക്കൊടുത്ത് മേലാല്‍ അവനെയോ കുടുംബത്തെയോ കാണാന്‍ ശ്രമിക്കത്തില്ലെന്ന് പോലീസില്‍ എഴുതിയും കൊടുത്ത് ജയില്‍ ഒഴിവാക്കി.

ഓ ആ അനുഭവം കൊണ്ടാണ്‌ അടുത്ത ഷെയറിങ്ങിനു പഠാണിയെ വച്ചത് അല്ലേ?
ഒവ്വ.

ഹും, അന്നാ പ്രമോദിന്റെ ശാപം നിനക്ക് കിട്ടിയതായിരിക്കും. മേലാല്‍ ഇമ്മാതിരി സങ്കുചിത വിശ്വാസങ്ങള്‍ കൊണ്ട് നടക്കരുത്.
ഞാന്‍ മാറിയെടോ.

4 comments:

Unknown said...

ഇതു വായിച്ചപ്പോ എന്നാലും നിങ്ങള്‍ ഒരു പട്ടാണിയെ എങ്ങനെ വീട്ടില്‍ താമസിപ്പിക്കുന്നു എന്ന് അത്ഭുതപ്പെട്ട ഒരു കൂട്ടുകാരിയെ ഓര്‍മ വന്നു.അവളുടെ വീട്ടില്‍ ഒരു അച്ചായന്‍ കൊറച്ചു മാസം ഉണ്ടായിരുന്നു. ഒട്ടകത്തിനു ഇടം കൊടുത്ത പോലെ അങ്ങേരു വന്നു വന്നു ഗൃഹനാഥനായ കഥ കണ്ടാണ്‌ ഞങ്ങള്‍ പട്ടാണിയെ വച്ചത്. അച്ചായന്‍ ജോലി കഴിഞ്ഞു വന്നു ലുങ്കിയും മടക്കി കുത്തി വീട്ടുകാരുടെ സ്വീകരണ മുറിയില്‍ സ്ഥാനം പിടിക്കും റിമോട്ട് കണ്ട്രോള്‍ അങ്ങേരുടെ കൈയില്‍!അതിഥികള്‍ വന്നാലും കാല് ടീപോയിടെ മേലെത്തന്നെ. ഇടക്കിടെ കാപ്പി ചായ സല്‍ക്കാരം വേറെ. ഞങ്ങളുടെ പട്ടാണി അച്ചായന്‍ റൂമിന് വെളിയില്‍ വരൂല്ല കാണുമ്പൊള്‍ മാന്യമായി ഒരു വിഷ് മാത്രം ഒന്നാം തീയതി കറക്റ്റ് ആയി വാടക - അഞ്ചാറ് മാസം കഴിഞ്ഞപ്പോള്‍ ഫ്രണ്ട് ചോദിക്കുന്നു ഇങ്ങേരെ പോലെ ഒരാള്‍ പട്ടാണികളുടെ എടയിലെ ഒള്ളോ എന്ന്!

sHihab mOgraL said...

"ഒടുക്കം ഞാന്‍ അയ്യായിരം ദിര്‍ഹം കോമ്പന്‍സേഷനും കൊടുത്ത് മാപ്പും എഴുതിക്കൊടുത്ത് മേലാല്‍ അവനെയോ കുടുംബത്തെയോ കാണാന്‍ ശ്രമിക്കത്തില്ലെന്ന് പോലീസില്‍ എഴുതിയും കൊടുത്ത് ജയില്‍ ഒഴിവാക്കി"

ശരിയാ.. ഒരു കുറ്റം ചെയ്താല്‍ പ്രതിവിധി നല്ലതാ.. :)

ഹരിയണ്ണന്‍@Hariyannan said...

നമിച്ചണ്ണാ.. നമിച്ച്!

പട്ടാണികളെയല്ലാതെ വേറേ ഒരുത്തനേം കൂടെ(തല്‍ക്കാലത്തേക്ക്!) ഷെയറിങ്ങിനുവക്കണ്ടന്ന് നിരീച്ചിരിക്കേണ്!
കുറ്റം പറഞ്ഞൂടല്ലാ..
ഡീസന്റ് എടപാടാണ്;സമയത്തിന് കാശും തരും!

ധനനഷ്ടം,മാനഹാനി ഒക്കെച്ചേര്‍ത്ത് വാരഫലമെഴുതിയവന്റെ കരുണകൊണ്ടാരിക്കും,ജയില്‍‌വാസോം തൊഴില്‍നഷ്ടവുമൊന്നും എഴുതീരുന്നില്ല!

ഒരു മല്ലൂനെ കൂടെത്താമസിച്ച് ജീവിതം കോഞ്ഞാട്ടയായ മറ്റൊരു മല്ലു!

അനോണി ആന്റണി said...

ഒരു മല്ലൂ, ഹരിയണ്ണാ
അതുശരി, അപ്പോ ഇത് ഇവിടെ സാധാരണ സംഭവമാ അല്ലേ?

ശിഹാബ്
അതു തന്നെ, ഇപ്പഴത്തെ കാലത്ത് സ്പോട്ടില്‍ തന്നെ കിട്ടും പ്രതിഫലം.