Tuesday, July 28, 2009

അറ്റകൈ

എന്തരു ചെല്ലാ മാങ്ങാണ്ടി തപ്പുന്ന മലയണ്ണാനെപ്പോലെ ഇവിടൊക്കെ കിടന്നു പരതണത്?
ചോര ചിന്തുന്നത് എവിടാ? മെഡിക്കല്‍ ഫിറ്റ്നസ് വാങ്ങിക്കാന്‍ വന്നതാ ഞാന്‍, ഇതെന്താ ആശൂത്രി ഒഴിഞ്ഞു കിടക്കുന്നത്? ബോംബ് ഭീഷണിയോ അതോ പാമ്പ് ഭീഷണിയോ?

രോഗികളെ എടുക്കുന്നത് നിര്‍ത്തി.
ഞാന്‍ രോഗിയല്ല ഫിറ്റാ.

ഒരു മെഡിക്കല്‍ സര്‍വ്വീസും ഇവിടില്ല, ഇതിപ്പോ മ്യൂസിയമാ- മെഡിക്കല്‍ ഹിസ്റ്ററി മ്യൂസിയം. വേണേല്‍ ഇവിടെ കയറി ഒക്കെ കണ്ടേച്ചു പോ.
അപ്പോ ബ്ലഡ് സാമ്പിള്‍? വെബ് സൈറ്റില്‍ കണ്ടല്ലോ ഇവിടെ കൊടുക്കാമെന്ന്?

അതിപ്പോ അപ്രത്ത് മുനിസിപ്പാലിറ്റി ക്ലിനിക്കുണ്ട്, ഉച്ചക്ക് പന്ത്രണ്ട് മണിവരെ.
അതിനു മുന്നേ ഓഫീസീന്നു ഇറങ്ങാന്‍ പറ്റത്തില്ല.

എല്ലാടത്തും ഇപ്പോ അങ്ങനാ.
തള്ളേ കറങ്ങിപ്പോകും.

ഒരു കാര്യം ചെയ്യ്, രാവിലേ വീട്ടിനടുത്തുള്ള മുനിസിപ്പല്‍ ക്ലിനിക്കില്‍ പോ, എന്നിട്ടു വേഗം കൊട്. വേറേ വഴി എനിക്കറിയത്തില്ല.
ബ്ലഡ് കൊറിയര്‍ ചെയ്യാന്‍ പറ്റുമോ?

എടേ ആളെ കണ്ട് ഐഡി നോക്കിയേ ബ്ലഡ് എടുക്കൂ.
ശരി.

ഗുഡ്മോര്‍ണിങ്ങ്!

ജീ പി അല്ലേ?
അല്ല ഞാന്‍ ഡോക്റ്ററൊന്നുമല്ല.

അതല്ല, ജീപ്പിയേ കാണാന്‍ വന്നതല്ലേ? അല്ലെങ്കില്‍ പിന്നെ ഗൈനക്കോളജിയും പീഡിയട്രിക്സും മാത്രമേ ഇവിടുള്ളു. അതു രണ്ടും തനിക്കു വേണ്ടല്ലോ.
ഇത്തിപ്പോരം ബ്ലഡ് തരാന്‍ വന്നതാ, മെഡിക്കല്‍ ഫിറ്റ്നസിനു.

അതിവിടെ എടുക്കൂല്ല ബാബാ.
വലഞ്ഞോ, എന്റെ ബ്ലഡ് ആര്‍ക്കും വേണ്ടേ? അടുത്തെവിടെയുണ്ട് ഇനി?

അടുത്ത് മുഹൈസ്നായില്‍ പോണം.
അത് അടുത്തല്ലല്ലോ ദൂരെയല്ലേ?
അതിനടുത്ത് ഒന്നും ഇല്ല.

ചവിട്ടി വിട്ടു. ആപ്പീസില്‍ നിന്നും കിടന്നും വിളിയോട് വിളി. ഒബാമ അമേരിക്കയില്‍ ഇല്ലാത്തപ്പ, എന്നിട്ട് അയാളുടെ ഓഫീസ് ഇങ്ങനെ വിളിച്ച് ശല്യം ചെയ്യാറുണ്ടോ.

മുഹൈസ്നായില്‍ ഒന്നുമില്ല, വിജനം, ശൂന്യം, നിശ്ചലം. പോലീസുകാരന്റെ വണ്ടിക്കടുത്ത് കൊണ്ട് നിര്‍ത്തി.
"ഈ മുഹൈസ്നാ ഹോസ്പിറ്റല്‍ എവിടാ ഏഡ് ചേട്ടാ?"
"അങ്ങനെ ഒരു സാധനം ഇതുവരെ ആരും സ്ഥാപിച്ചിട്ടില്ല അനിയാ. ആരെങ്കിലും തറക്കല്ലിട്ടാല്‍ അപ്പ അറിയിക്കാം."
"അല്ല ബ്ലഡ് കൊടുക്കുന്ന സ്ഥലം?"
"അത് മുഹൈസ്നാ കമ്യൂണിറ്റി വെല്‍ഫെയര്‍ സെന്റര്‍ ലാബ്- ദാ ആ ടാങ്കര്‍ ലോറിയുടെ പിറകേ വിട്ടോ, അത് അങ്ങോട്ടാ."

ഇരുപത്തിരണ്ട് വീലുള്ള കൂറ്റന്‍ ടാങ്കര്- സൂക്ഷിച്ചു നോക്കിയപ്പോള്‍ സംഗതി അമേദദ്ധ്യം ട്രാബ്സ്പോര്‍ട്ടിങ്ങ് വണ്ടി. ഇത്രയും സാമ്പിള്‍ എടുത്ത് പരിശോധിക്കുന്ന അസുഖം ശരിക്കും ഉണ്ടോ അതോ പോലീസുകാരന്‍ എന്നെ വഹിച്ചതാണോ.

സംഗതി വന്‍ ടാങ്കര്‍ ആണെങ്കിലും പോകുന്നത് നാട്ടിലെ ടിപ്പര്‍ ലോറി പോലെ. ഡബിള്‍ ക്ലച്ച്, ടര്‍ബോ ത്രീ തുടങ്ങിയ വീഡിയോഗെയിം കളിച്ച പരിചയം വച്ച് ടാങ്കറിന്റെ പിന്നാലെ പാഞ്ഞു. കുന്തത്തിന്റെ ടാങ്കെങ്ങാന്‍ തുറന്നു പോയാല്‍ ഞാനും വണ്ടിയും ലാവ പ്രവാഹത്തില്‍ പെട്ടു നശിക്കും.

ടാങ്കര്‍ നിന്നു. ഞാനും നിന്നു. ലെഫ്റ്റ് സൈഡില്‍ അതാ വലിയ ചെളി കുഴി, കച്ചറ, ഒക്കേത്തിനെയും നടുക്ക് മുഹൈസ്നാ ലാബ്. അതിനു ചുറ്റും മൂക്കു പൊത്തിയും വെയിലത്തു വിയര്‍ത്തും പത്തഞ്ഞൂറ്‌ പേര്‍ ക്യൂവിലും അല്ലാതെയും. ഇവിടെ ഓട പുതുക്കുകയാണ്‌, ടാങ്കര്‍ അഴുക്ക് പമ്പ് ചെയ്തോണ്ട് പോകാന്‍ വന്നതാ. മിനിമം എട്ടു ദിവസമെങ്കിലും ഈ ക്യൂ തുടരും, ഇവിടെ നിന്നല് മെഡിക്കല്‍ കിട്ടിയാലും ജോലി വേറേ നോക്കേണ്ടിവരും.


ഹലോ ആരോഗ്യവകുപ്പ് അല്ലേ?
വ തന്നെ. ആരോഗ്യ വകുപ്പ് ഹെഡ് ക്വാര്‍ട്ടേര്‍സ് . ഹെഡിലും ഹെഡായ ഹെഡ് സ്പീക്കിങ്ങ്.

അണ്ണാ, ശകലം ചോര കൊടുക്കാന്‍ എന്തുവാ വഴി?
മന്ത്രാലയത്തിലോ? അതിനു ആശൂത്രീ പോണമെടേ.

ക്ഷമിക്കണം, വേറേ വഴിയില്ല. വെബ് സൈറ്റില്‍ നോക്കി, അഞ്ചെട്ടു ധര്‍മ്മാശുപത്രീ പോയി, പോലീസുകാരനോട് വരെ ചോദിച്ചു, ആര്‍ക്കും ഒന്നും അറിയത്തില്ല.

ഇയാള്‍ ഇപ്പ എവിടാ?

ഇപ്പ ഹോറ്ലാന്‍സില്‍.
ഒരു കാര്യം ചെയ്യ് ദാണ്ടെ... ഹും വെയിറ്റ്.. ആ ഈ നമ്പറില്‍ വിളി . അല്‍ തോവര്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ സെന്റര്‍ . അപ്പോയിന്റ്മെന്റ് എട്, പോയി കൊട്. അത് തൊട്ടടുത്താ.

ഈ ഉപകാരം ഞാന്‍ സ്മരിച്ചോളാം സാറേ.

വിളിച്ചു, എടുത്തു, കൊടുത്തു. എന്തരെളുപ്പം.

അതാ പറയുന്നത് കാര്യങ്ങള്‍ അന്വേഷിക്കുമ്പോ ശരിക്കുള്ള സ്ഥലത്ത് തന്നെ ചോയിക്കണവെന്ന്.

4 comments:

അരവിന്ദ് :: aravind said...

haha :-)

ajeeshmathew karukayil said...

അതാ പറയുന്നത് കാര്യങ്ങള്‍ അന്വേഷിക്കുമ്പോ ശരിക്കുള്ള സ്ഥലത്ത് തന്നെ ചോയിക്കണവെന്ന്.
മുഹൈസ്നായില്‍ Always rush because that is the largest Labour camp in Asia

ബിനോയ്//HariNav said...

അനോണീ, മക്തൂം ആശുപത്രി അടച്ചുപൂട്ടി അവിടെയുണ്ടായിരുന്നതെല്ലാം വാരിക്കെട്ടി മുഹൈസ്നയില്‍ കൂടരമടിച്ചിട്ട് കാലം കുറെയായി. അത് ആരോഗ്യമുള്ള, അദ്ധ്വാനിക്കുന്ന തൊഴിലാളികള്‍ക്ക്.
ദുബായിലെ നഗരത്തിലെ നിത്യരോഗികളായ വൈറ്റ് കോളര്‍ പോങ്ങന്‍‌മാര്‍ക്കായി നിരവധി പബ്ലിക് ഹെല്‍ത്ത് സെന്‍ററുകളില്‍ ഫിറ്റ്നസ്സ് ടെസ്റ്റ് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തു. ഈ മാറ്റങ്ങള്‍ വേണ്ടത്ര ജനങ്ങളെ അറിയിക്കാന്‍ ശ്രമം ഊണ്ടായിട്ടില്ല എന്നു തോന്നുന്നു. :)

sHihab mOgraL said...

ദേരയിലാണെങ്കില്‍ മുനിസിപ്പാലിറ്റി ക്ലിനിക്കില്‍ പോയാല്‍ കുറച്ചെളുപ്പമാണ്‌. രണ്ടു ദിവസം കൊണ്ട് normally റിപ്പോര്‍ട്ടും കെടയ്ക്കും..