Sunday, May 25, 2008

ആര്യാടനു സല്യൂട്ട്, സുധാകരനു ഗദ

ആത്മീയത്തട്ടിപ്പ് (മാദ്ധ്യമങ്ങള്‍ കണ്ടുപിടിച്ചു തന്ന പുതിയ പ്രയോഗം) പെട്ടെന്ന് ഇത്രവലിയ പ്രശ്നമാക്കുന്നതെന്തിനെന്ന് ഇഞ്ചിപ്പെണ്ണിന്റെ പോസ്റ്റ് കണ്ടു. സ്വാമി സീരീസ് എന്നത് വാല്യൂ അഡിഷന്‍ നടത്താത്ത രോഷപ്രടനം എന്ന നിലയ്ക്ക് എനിക്കു തന്നെ മടുത്ത് നിര്‍ത്താന്‍ തുടങ്ങിയപ്പോഴാണ്‌ ആ പോസ്റ്റ് കണ്ടത്.

എതിന്‌ ആളുകള്‍ ഇങ്ങനെ ഇളകി മറിയുന്നു? എന്തിന്‌ ഡി വൈ എഫ് ഐക്കാരനു പ്രാന്തു പിടിച്ചു? ഇവിടെന്താ ജനാധിപത്യമില്ലേ?


തിരുവന്തോരത്ത് ഉച്ചക്കട രായണ്ണനെ പോലെ പ്രിന്‍സിപ്പിള്‍സ് പോലുമില്ലാത്ത ഒരു ജൂനിയര്‍ പോക്രി ഭദ്രണ്ണന്‍ പെട്ടെന്ന് നാടുവിട്ട് തിരിച്ച് കൊച്ചീലെത്തി സ്വാമിയാകുന്നതില്‍ തെറ്റൊന്നുമില്ല, പ്രത്യേകിച്ച് അയാളുടെ പേരില്‍ പെന്‍ഡിങ് കേസ് ഒന്നുമില്ലാത്ത സ്ഥിതിക്ക് നാട്ടുകാര്‍ക്ക് അയാളെ പൂജിക്കാം. പത്രമോഫീസില്‍ കയറി അതിക്രമം കാണിച്ചെന്ന് കേസ് ഫയല്‍ ചെയ്താല്‍ അതിന്മേല്‍ നടപടി ഉണ്ടാകണം, ഇതുവരെ ഉണ്ടായിട്ടില്ലായിരുന്നു, ജനാധിപത്യമല്ലേ, പത്രക്കാരനും ജനത്തില്‍ വരുന്ന ആളല്ലേ, അവന്റെ മാനത്തിനും ജീവനും വിലയില്ലേ? ഇത്തവണ ഉണ്ടായി, കാരണം കേരളശബ്ദത്തില്‍ സന്തോഷ് സ്വാമി സാമ്പത്തിക തട്ടിപ്പുകാരനാണെന്ന വാര്‍ത്ത വന്നത് ഉണ്ടാക്കിയ കോളിളക്കമായിരുന്നു.


ക്യാന്‍സര്‍ ചികിത്സിക്കാന്‍ വീടും കുടിയും വിറ്റ് കൊല്ലത്തെ ഒരാശ്രമത്തില്‍ കൊടുത്തയാള്‍ കാണിക്കയിടുകയാണോ ചെയ്തത്? ആണോ അല്ലയോ എന്ന് അന്വേഷണം എങ്കിലും ജനാധിപത്യത്തില്‍ വേണം. പരാതി നേരേ ചവറ്റു കൂടയില്‍ പോയി. അമ്മത്തായുടെ കാലു കഴുകുന്നത് കേന്ദ്രം ഭരിക്കുന്ന രാജേട്ടനല്ലേ.

കൊച്ചിയില്‍ ഡോക്റ്റര്‍ കൂടോത്രത്താത്ത ചികിത്സിച്ചിരുന്നതും മന്ത്രവാദം ചെയ്തതും ഡോക്റ്റര്‍ എന്ന പേരിലായിരുന്നു, ജനം അന്വേഷിച്ചപ്പോള്‍ അവരു അംഗീകൃത ഡോക്റ്ററൊന്നുമല്ല, ജനം ഇളകിയില്ലെങ്കില്‍ അവരുടെ മയ്യത്തെടുക്കും വരെ അവര്‍ ക്വാക്ക് ഡോക്റ്റര്‍ കം വൂഡൂ ഡോക്റ്ററായി തുടര്‍ന്നേനെ.

ജനങ്ങള്‍ ഇളകണ്ട കാര്യമില്ല, നിയമം നടത്തേണ്ടവര്‍ നടത്തിക്കുന്നില്ലെങ്കില്‍ അത് നടത്താന്‍ ഭരണകൂടമുണ്ടല്ലോ എന്ന് അല്പ്പം സമാധാനം തോന്നിയത് സ്വാമിമാര്‍ക്കു തറയ്ക്കാന്‍ ഗദയുമായി വേദിയിലെത്തിയ മന്ത്രി സുധാകരനെപ്പോലെ വയലന്റായ ജന നേതാക്കളെ കാണുമ്പോഴാണ്‌. തൃശ്ശൂരെ മയക്കുമരുന്നു സ്വാമിയുടെ പരിപാടി ഉത്ഘാടിക്കുന്ന വീഡിയോ കണ്ടതോടെ ആ പ്രതീക്ഷയും പോയി. അങ്ങേരു പോലീസ് സ്റ്റേഷനില്‍ വിളിച്ച് സ്വാമി നല്ലയാളാണോ എന്ന് ചോദിച്ചിട്ടാണത്രേ പോയത്. എന്തൊരു തങ്കപ്പെട്ട മനുഷ്യന്‍.

തങ്കു ബ്രദര്‍ കൂട്ട പ്രാര്‍ത്ഥന നടത്തി ട്യൂമറുകള്‍ മാറ്റുന്നതില്‍ ഒരു വഞ്ചന എലിമെന്റ് മാത്രമേയുള്ളു, നമ്മുടെ അമ്മത്തായ് കാശുവാങ്ങി ക്യാന്‍സറിനു പാര്‍ത്ഥിക്കുന്നു, തങ്കുച്ചായന്‍ മതം വിറ്റ് ക്യാന്‍സറിനു പ്രാര്‍ത്ഥിക്കുന്നു. പ്രശ്നം തങ്കുവിന്റെ സ്റ്റേജില്‍ കയറി വന്ന് കുഞ്ഞാടിനെ പിടിച്ച് നെഞ്ചത്ത് സ്റ്റെത്ത് വച്ച് നോക്കിയിട്ട് "ഇയാളുടെ ട്യൂമര്‍ പ്രാര്‍ത്ഥനയാല്‍ ഭേദപ്പെട്ടു" എന്ന് പറയാന്‍ കോട്ടയം ഡി എം ഓ വരുന്നതാണ്‌. ഒരിക്കലല്ല, സ്ഥിരമായി. ഡി എം ഓ എന്നാല്‍ മതപ്രവര്‍ത്തകനല്ല. വെറും സര്‍ക്കാര്‍ ഡോക്റ്റര്‍ പോലുമല്ല, ഒരു ജില്ലയുടെ ആരോഗ്യപരിപാലനത്തിന്റെ ചുമതല ഏല്പ്പിച്ച് അതിനായി ഭാരിച്ച ശമ്പളം കൊടുത്ത് സര്‍ക്കാര്‍ പോറ്റുന്ന ഉന്നത ഉദ്യോഗസ്ഥനാണ്‌. കേരളശബ്ദത്തിന്റെയും ഇന്ത്യാവിഷന്റെയും ഡിവൈ എഫ് ഐയുടെയും ശബ്ദം ഉയരും മുന്നേ ഇതൊന്നും ആരുമറിയാഞ്ഞിട്ടായിരുന്നോ ഒരു നടപടിയും ഉണ്ടാകാത്തത്?

ഒരു ശാന്തിപ്രാര്‍ത്ഥനക്കാരന്‍ വരൂ നിന്റപ്പന്റെ ക്യാന്‍സര്‍ പ്രാര്‍ത്ഥിച്ചു മാറ്റിത്തരാം എന്നു പറയുകയാണെങ്കില്‍ സാധാരണക്കാരന്‍ പോലും "അങ്ങനെ ചെയ്യാമെങ്കില്‍ എന്തരിനണ്ണാ ജോണ്‍ പോള്‍ മാര്‍പ്പാപ്പയെ കൊണ്ടിട്ട് ഇങ്ങനെ ശസ്ത്രക്രിയ നടത്തുന്നത് അണ്ണനങ്ങോറ്റ് പോയി പ്രാര്‍ത്ഥിച്ചാല്‍ പോരേ എന്ന് ചോദിക്കും. പക്ഷേ സ്ഥലത്തെ ആരോഗ്യമുഖ്യനായ ഡോക്റ്റര്‍ സ്റ്റേജിലിട്ട് പരിശോധിച്ചിട്ട് നാലുപേരുടെ ക്യാന്‍സര്‍ മാറി എന്നു പറഞ്ഞാല്‍? എന്നാലെന്റപ്പനെയും പ്രാര്‍ത്ഥിപ്പിച്ച് നോക്കാം എന്ന് തോന്നിപ്പോകില്ലേ.

കോട്ടൂര്‍ ചെയ്തു എന്ന് (സി ബി ഐ പറയുന്നത്) പറയെപ്പെടുന്ത് ഒരു കൊലക്കുറ്റമാണ്‌, ഇത്തരം തട്ടിപ്പ് അതിലും ഭീകരമായ കുറ്റമാണ്‌. ഡി എം ഓയുടെയും ബ്രദറിന്റെയും അമ്മത്തായുടെയും വാക്കു വിശ്വസിച്ച് ക്യാന്‍സറും ട്യൂമറും യഥാസമയം ചികിത്സിക്കാതെ മരിച്ച എത്ര പേരുണ്ടമ്വും? നൂറോ ആയിരമോ പതിനായിരമോ? ആര്‍ക്കറിയാം.

ഇതെല്ലാം വോട്ടുബാങ്കുകളാണ്‌, ഇലക്ഷന്‍ ഫണ്ട് കറവപ്പശുക്കളാണ്‌, സര്‍ക്കാരിനെ താങ്ങി നിര്‍ത്തുന്ന കിങ്ങ് മേക്കറുകളാണ്‌. ഇത്തിരി ആശിപ്പിക്കുന്ന ഒരു ശബ്ദം ഈയിടെയായി കേട്ടത് ആര്യാടന്‍ ഷൗക്കത്തിന്റേതാണ്‌.
എന്തിന്‌ ചില മതങ്ങളില്‍ മാത്രം അന്വേഷിക്കണം? നിഷ്പക്ഷമായ അന്വേഷണമാണെന്ന് ജനത്തിനു ബോദ്ധ്യം വരാനെങ്കിലും തങ്ങള്‍ മാരുടെ പ്രവര്‍ത്തനങ്ങളും അന്വേഷിച്ച് അതില്‍ നിയമവിരുദ്ധമായത് ഉണ്ടെങ്കില്‍ ശിക്ഷിക്കണം എന്ന് ഷൗക്കത്തിന്റെ പ്രസ്ഥാവന കേട്ടപ്പോള്‍ ആര്യാടന്‍ സീനിയറിനെക്കുറിച്ച് ഉണ്ടായിരുന്ന ഇമേജ് വരെ മാറിക്കിട്ടി.


ജനം ഇളകണം, പന്ന്യനോ സുധാകരനോ ആര്‍ക്കാണു ആത്മീയമാഫിയ ബന്ധമുള്ളത്, അവരെ ജനം തള്ളിപ്പറയണം, അപ്പോഴാണ്‌ ആര്യാടന്‍ ഷൗക്കത്തിനെപ്പോലെയുള്ളവരുടെ ശബ്ദം നാട്ടുകാര്‍ കേള്‍ക്കുന്നത്. ഇളകിയും മറിഞ്ഞും എറിഞ്ഞും കൂവിയും പുതിയ നേതാക്കളുണ്ടാകട്ടെ. ജനത്തിനു രണ്ടു ശബ്ദമേയുള്ളു, മുദ്രാവാക്യവും കൂക്കിവിളിയും. ബാക്കിയെല്ലാം വ്യക്തികളുടെ ശബ്ദം മാത്രമാണ്‌. ഈ മുദ്രാവാക്യവും കൂക്കിവിളിയും കൊണ്ട് വേണം കൊള്ളാവുന്ന നേതാക്കളെയും ഭരണകര്‍ത്താക്കന്മാരെയും ഉണ്ടാക്കാന്‍. പഴഞ്ചന്‍ ഫ്രാഡുകളെ ഓടിക്കാന്‍.

വാ കൂവാം! (ആവോ കൂവോ എന്ന് ഹിന്ദി തര്‍ജ്ജിമ)

14 comments:

അനില്‍ശ്രീ... said...

ഷൗക്കത്തിനൊരു അഭിനന്ദന പോസ്റ്റ് ഇടണം എന്ന് കരുതിയിരുന്നപ്പോള്‍ ആണ് അനോണിയുടെ ഈ പോസ്റ്റ് വന്നത്. അപ്പോള്‍ പിന്നെ അഭിനന്ദനം ഇവിടെ ആയേക്കാം.

പിന്നെ ഒരു കാര്യം കൂടി, മൂത്ത ആര്യാടനെ മുസ്ലീം ലീഗുകാര്‍ ഓടിച്ചിട്ട് കൊത്തുന്നതിന്റെ ബാക്കിയാണോ ഈ രോഷപ്രകടനം എന്ന് കൂടി നോക്കണം. വലിയ തങ്ങള്‍ ഒക്കെ ഉള്ള സ്ഥലമാണെ.. എല്ലാ തങ്ങളമ്മാരും എന്നാ അദ്ദേഹം പറഞ്ഞിരിക്കുന്നത്.

ഏതായാലും ഇത്രയും എങ്കിലും ഷൗക്കത്ത് പറഞ്ഞല്ലോ. അതിനാണ് അഭിനന്ദനം.

myexperimentsandme said...

ഷൌക്കത്ത് മാത്രമല്ല, മുസ്ലീം ലീഗുമായോ മുസ്ലീം സമുദായവുമായോ ബന്ധപ്പെട്ട വേറൊരാളും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നത് ടി.വിയില്‍ കണ്ടിരുന്നു. അദ്ദേഹത്തിനും അഭിനന്ദനങ്ങള്‍. സ്വന്തം മതത്തില്‍ തന്നെ തിരുത്തല്‍ ശക്തികള്‍ ഉയര്‍ന്നുവന്നാല്‍ അതാവും ഏറ്റവും ഫലപ്രദം എന്ന് തോന്നുന്നു. അപ്പോള്‍ പിന്നെ വര്‍ഗ്ഗീയ ആംഗിള്‍ ഉണ്ടാവില്ലല്ലോ.

പാര്‍ത്ഥന്‍ said...

ചാനല്‍ ന്യൂസില്‍ നിന്ന് സ്വാമിമാരും ആശ്രമങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കണ്ടു. വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെട്ടതിന്റെ ഒരു രീതിയും കുമ്മനം രാജശേഖരന്റെ അഭിപ്രായവും കൂടി കേട്ടപ്പോള്‍ ഒരു കാര്യം പുറത്തുവരുന്നതായി തോന്നുന്നു. കള്ളന്മാരെ സൃഷ്ടിച്ച്‌ കാവിയുടുപ്പിച്ച്‌ ഹിന്ദുക്കള്‍ക്ക്‌ അല്‌പം ഭാക്കിയുള്ള ആത്മീയതയെ കരിവാരിത്തേയ്ക്കാനുള്ള ഭൗതികവാദ രാഷ്ട്രീയത്തിന്റെ കൂട്ടുകച്ചവടമല്ലെ എന്ന് തോന്നിപ്പോകുന്നു. സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച്‌ അന്വേഷിക്കാന്‍ പുതിയ നിയമം കൊണ്ടുവരണം എന്നു പറയുമ്പോള്‍ സ്വാമിമാരുടെയും ആശ്രമങ്ങളുടെയും എന്നു മാത്രമെ സര്‍ക്കരും പറയുന്നുള്ളൂ. എല്ലാ മതത്തിലെയും ആത്മീയ നേതാക്കളുടെയും എന്ന് എടുത്തു പറയുന്നില്ല. അത്‌ പറയാന്‍ ധൈര്യം കാണിച്ചത്‌ ഷൗക്കാത്ത്‌ മാത്രമാണ്‌.

ramachandran said...

പ്രിയ ആന്റണീ,
ഇങ്ങനെ ഇടക്കിടെ ഓരോ വ്യക്തികളിലും പ്രതീക്ഷ അര്‍പ്പിക്കുന്നതും പിന്നീട് ഒരു സംഭവത്തോടെ അത് നശിക്കുന്നതും, മറ്റൊരാള്‍ നമുക്ക് യോജിക്കാവുന്ന അഭിപ്രായം പറയുമ്പോള്‍ അയാളില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നതുമൊക്കെ നമ്മുടെ രാഷ്ട്രീയമായ വിശ്വാസം വ്യക്തികളില്‍ അധിഷ്ഠിതമായിപ്പോകുന്നത് കൊണ്ടല്ലേ? നേരെ മറിച്ച് സംഘടനകളില്‍ ആയിരുന്നു വിശ്വാസം എങ്കില്‍ പ്രത്യാശയും നിരാശയും മാറി മാറി വരുന്നതിന്റെ ഇടവേളക്ക് അല്പം ദൈര്‍ഘ്യമെങ്കിലും ഉണ്ടാകും എന്ന് തോന്നുന്നു. :) ചിട്ടയായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ വ്യക്തികളെ അപേക്ഷിച്ച് കുറച്ച് തെറ്റ് മാത്രമേ വരുത്തുകയുള്ളൂ. അതിനുള്ളില്‍ തന്നെ തിരുത്തല്‍ സംവിധാനങ്ങള്‍ ഉണ്ട് എന്നത് കൊണ്ട് തന്നെ. മാത്രവുമല്ല വ്യക്തികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സംഘടനകള്‍ സമൂഹത്തോട് കൂടുതല്‍ അക്കൌണ്ടബിള്‍ ആയും കാണപ്പെടുന്നില്ലേ?

അനോണി ആന്റണി said...

ദേ ഇപ്പ ടെല്ലിവിഷക്കാരില്‍ നിന്ന് ഫോണില്‍ കിട്ടിയത്. മലപ്പുറത്ത് "ബീവി ഭസ്മം" എന്ന മാന്ത്രികപ്പൊടികൊണ്ട് ജലദോഷം മുതല്‍ ക്യാന്‍സര്‍ വരെ മാറ്റിയിരുന്ന ഒരു ബീവിയെ ഡിഫി വളഞ്ഞു വയ്ക്കുകയും തര്‍ക്കത്തിനൊടുവില്‍ പോലീസ് അവരുടെ വീട് റെയ്ഡ് ചെയ്യുകയും ചെയ്തു.

ഭസ്മമാക്കാന്‍ സ്റ്റോക്ക് ചെയ്തിരുന്ന പാരസെറ്റമോള്‍, ഐബുപ്രൂഫന്‍, ഫോയില്‍ ഇല്ലാത്ത ഗുളികകളുടെ തുടങ്ങിയവ കണ്ടെടുത്തതോടെ കൂവല്‍ നിര്‍ത്തി മുദ്രാവാക്യവുമായി ആളു പിരിഞ്ഞു പോയി. ബീവി അകത്തും പോയി.


അനില്‍ ശ്രീ,
ആര്യാടന്‍ മുഹമ്മദ് ലീഗിനോട് ഇടയുന്നതിനും വളരെ മുന്നേ ഷൗക്കത്ത് ആരോഗ്യപരമായ വിമര്‍ശനങ്ങള്‍ സ്വന്തം മതത്തിലെ അനാചാരങ്ങള്‍ക്കു നേരേ ഉയര്‍ത്തിയിരുന്നു, അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ക്കൂടി പ്രത്യേകിച്ചും.

വക്കാരിമഷ്ടാ, പാര്‍ത്ഥന്‍
അതേ. "നട്ടുച്ചയ്ക്ക് ഒരു പന്തം കൊളുത്തി തെരുവില്‍ നില്പ്പൂ കബീര്‍, സ്വന്തം വീടിനു തീ കൊടുത്തവരുണ്ടന്കില്‍ മാത്രം വന്ന് പിന്നില്‍ അണിനിരക്കുവിന്‍" :)


പ്രിയ രാമചന്ദ്രന്‍,
നേതാവെന്ന വ്യക്തിയെ ഉയര്‍ത്തുന്നതും നയിക്കുന്നതും മാറ്റിയെടുക്കുന്നതും മാറില്ലെങ്കില്‍ തട്ടി ദൂരെയെറിയുന്നതും പ്രസ്ഥാനം തന്നെയാണ്‌. പ്രസ്ഥാനമെന്നും ശരിയായിരിക്കട്ടെ, അതിനു ചേര്‍ന്ന നേതാവ് എത്തിക്കൊള്ളും. അതിനു ചേര്‍ന്നവരായി മാറിക്കൊള്ളും. right?

എ.ജെ. said...
This comment has been removed by the author.
എ.ജെ. said...

ആര് ആരില്‍ വിശ്വാസമര്‍പ്പിച്ചാലും ഇല്ലെങ്കിലും ഷൗക്കത്തിന് ഒരു കൂപ്പുകൈ....

എനിക്കറിയാം എത്രത്തോളം അന്ധവിശ്വാസവും അനാചാരവും ഇസ്ലാമില്‍ ഉണ്ട് എന്നത്...
അതൊക്കെ കാലത്തിന്റെ കുത്തൊഴുക്കില്‍ ഒലിച്ചു പോകും എന്ന് പ്രത്യാശിച്ച എന്നെ പോലുള്ളവരുടെ ചങ്കിനു കുത്തിക്കൊണ്ടായിരുന്നു ഈയടുത്ത കാലത്തു ഇത്തരക്കാരുടെ പോപ്പുലാരിറ്റി കൂടിയത്‌...

ഇത്തരം കള്ളവിഗ്രഹങ്ങള്‍ ഉടയുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു...

പക്ഷെ ഇതു മറ്റൊരു മൂന്നാറാകുമോ എന്ന ഒരു പേടി കൂടി ഉണ്ട് ബാക്കി..

വേണു venu said...

എന്തരിനണ്ണാ ജോണ്‍ പോള്‍ മാര്‍പ്പാപ്പയെ കൊണ്ടിട്ട് ഇങ്ങനെ ശസ്ത്രക്രിയ നടത്തുന്നത് അണ്ണനങ്ങോറ്റ് പോയി പ്രാര്‍ത്ഥിച്ചാല്‍ പോരേ .
ഹാഹാ.....വാ കൂവാം!....കൂയ്യ്...കൂ..................:)

ഫസല്‍ ബിനാലി.. said...

'മുദ്രാവാക്യവും കൂക്കിവിളിയും'പിന്നെയൊരു വിളികൂടിയുണ്ട് 'ബലേട്ടാ' ഇതാണ്‍ ആപല്‍ക്കരം
ആത്മീയ തട്ടിപ് എല്ലാ മതത്തിലുമുണ്ട്, അതുകൊണ്ട് തന്നെ അന്വാഷണം എല്ലാ മതസ്ഥരിലും വേണം, നേരെ ജീവിക്കുന്നവരെ നേരെ ജീവിക്കാനും വിടാന്‍ കഴിയണം

Radheyan said...

ഇന്നലെ അമ്മയുമായി സംസാരിച്ചു (സ്വന്തം അമ്മ,മറ്റേ നാട്ടുകാരുടെ അമ്മയല്ല).

അമ്മ പറയുന്നു മന്ത്രിമാരും മറ്റും ഇത്തരക്കാരുടെ പരിപാടികളില്‍ പോകുന്നത് ശരിയല്ല എന്ന്.അമ്മ കുറേ ഏറെ നാളുകളായി രാഷ്ട്രീയ-സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന,തദ്ദേശ സ്ഥാപനങ്ങളില്‍ പ്രതിനിധി ആയിരുന്ന വ്യക്തിയാണ്.അമ്മയോട് എന്റെ ചോദ്യം ഇതായിരുന്നു-സാധാരണഗതിയില്‍ ആളുകളെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചിട്ടാണോ നിങ്ങള്‍ പൊതുപരിപാടികള്‍ ഏല്‍ക്കുന്നത്? പ്രത്യേകിച്ചും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഉള്ള ചടങ്ങുകള്‍.അല്ല എന്ന് ഉത്തരം.

അപ്പോള്‍ അല്‍പ്പം സൂക്ഷിച്ചില്ലെങ്കില്‍ നാളെ ആര്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകാം.അപ്പോള്‍ പൂതുചടങ്ങുമുതല്‍ സഞ്ചയനം വരെ ആളെ അറിഞ്ഞു പോകണം എന്ന് സാരം.നമ്മുടെ വീട്ടിലെ ചടങ്ങുകള്‍ക്ക് ആളെ പ്രവേശിപ്പികുമ്പോഴും അങ്ങനെ തന്നെ.

രാജേട്ടന്‍,അബ്ദുള്‍ കലാം (ശാസ്ത്രജ്ഞനേ),ശങ്കര്‍ ദായാല്‍ ശര്‍മ്മ,നരസിംഹറാവു തുടങ്ങിയവര്‍ അങ്ങനെയല്ല.അവര്‍ ആള്‍ദൈവങ്ങളുടെ ആരാധകരും പലപ്പോഴും ബ്രാന്‍ഡ് അമ്പാസിഡറുമാരാണ്.

ഷൗക്കത്ത് തങ്ങളുമാരെ ഓടെ പറഞ്ഞെങ്കിലും ഒരു തങ്ങളെയെ ഉദ്ദേശിച്ചിരുന്നുള്ളൂ എന്ന് അല്‍പ്പം മലപ്പുറം രാഷ്ട്രീയം മനസ്സിലാക്കിയാല്‍ ആര്‍ക്കും മനസ്സിലാകും.അത് മറ്റെന്തെങ്കിലും സംഗതികളെ സഹായിക്കുമെങ്കില്‍ അതു വലിയ കാര്യം.

മലമൂട്ടില്‍ മത്തായി said...

എല്ലാ വിശ്വാസങ്ങളും അന്ധമല്ലേ? അങ്ങിനെ വരുമ്പോള്‍ ഓരോ മത വിശ്വാസിയും വിചാരണ നേരിടേണ്ടി വരില്ലേ? ഓരോ പ്രസ്ഥാനത്തിനും (തൊഴിലാളി സ്വര്‍ഗം, സമത്വ സുന്ദര ലോകം, മോക്ഷം, നരകം) അതിന്റെതായ വിശ്വാസങ്ങള്‍ ഇല്ലേ? അവയെ ഒക്കെ കൂവി തോല്പ്പിക്കാമോ? ഇന്നത്തെ ആചാരം, നാളത്തെ ശാസ്ത്രം എന്നല്ലേ കണക്കു?

ഇപ്പോള്‍ കാണുന്ന കള്ള സ്വാമിമാരെയും, തങ്ങള്മാരെയും, ബ്രതെര്‍മാരെയും ഒക്കെ ബന്ധിപ്പിക്കുന്ന കണ്ണി കള്ളപണം ആണ്. അതിനെ നേരിടാന്‍ എല്ലാ പ്രസ്ഥാനങളും അവരുടെ പണമിടപാടുകള്‍, വരവ്-ചിലവ് കണക്കുകള്‍ എന്നിവ എല്ലാ കൊല്ലവും (എല്ലാ കാല്‍-കൊല്ലവും?) പബ്ലിഷ് ചെയ്താല്‍ മതി. പക്ഷെ കുറച്ചു കൊല്ലം മുന്പ് ഇലക്ഷന്‍ കമ്മീഷന്‍ രാഷ്ട്രീയ പാര്ടികളോട് ഇന്‍കം ടാക്സ് റിട്ടേണ്‍ ചോദിച്ചപ്പോള്‍, കക്ഷിഭേദമന്യേ എല്ലാവരും പറഞ്ഞു - ഇത് ഞ്ങല്ക് ബാധകം അല്ല, ഒറ്റ ഒരുത്തനും അത് ഫയല്‍ ചെയ്തതും ഇല്ല. രാജ്യം ഭരിക്കുന്ന ആള്കാര്‍ ഇത് പോലെ ആണ്നെങ്ങില്‍, അവരുടെ പുരോഹിതന്മാരും, പൂജാരിമാരും അവരെ കടത്തി വെട്ടില്ലേ? വളരെ പണ്ടു മുതലുള്ള ബന്ധമാണ് രാജാവും പുരോഹിതനും തമ്മില്‍ :-)

എന്തായാല്ലും കൂവാം നമുക്കു കൂവാം ....

Rajesh Krishnakumar said...

തലൈവാ അന്തോണിച്ചാ


നനഞ്ഞ ഡ്രസ്സോടെ തുള്ളുന്ന ലവളുടെ മുന്‍പി ഓച്ചാനിച്ചു നില്‍ക്കണ രാജേട്ടനെ കണ്ടപ്പ എനിക്ക് ഓക്കാനം വന്നു കെട്ട.

ലവന്‍ സന്റൊ മാഡവ് ഒരു പുലിയെ കൊന്ന് അതിന്റെ തോല്‍ എടുത്ത് അതിലാണത്രെ ഇരിപ്പും കെടപ്പും റേപ്പും ഒക്കെ.. ലതില്‍ കുറ്റം ഒന്നും ഇല്ലേ അന്തോണിച്ചാ!!!!!

പിന്നെ ഞമ്മന്റെ ആര്യാടന്‍.. കയ്യടി വാങ്ങാല്‍ ലങ്ങേര് എന്തും ചെയ്യും.ലീഗിനു പറ്റിയ എതിരാളി തന്നെ.ആ പയ്യന്‍ കൂടെ ലിതിനൊക്കെ നിന്നത് എന്തിനാണാവോ? കൊള്ളാവുന്ന സിനിമകള്‍ ഒക്കെ പിടിച്ചവനല്ലെ ലവന്‍..

ചുധാകരേട്ടന്‍ ഗദയുമായി വന്നത് കണ്ട് നാന്‍ ശിരിച്ച് ശിരിച്ച് ശത്ത് പോയിട്ടേന്‍..എന്നപ്പാ ഒരു കോമഡി..അവരു താന്‍ രാജാധി രാജന്‍ രാജശേഖര പാണ്ഡ്യന്‍.അവരെ പാത്ത് താന്‍ ഭാരതിയാര്‍ എളുതിയത്..അച്ചമില്ലൈ അച്ചമില്ലൈ അച്ചമില്ലൈ.......

nalan::നളന്‍ said...

ആര്യാടനും ഷൌക്കത്തും അവിടെ നിക്കട്ടെ..

സന്തോഷ് മാധവനെ എന്ന പ്രാണിയെ scapegoat ആക്കി വമ്പന്‍ സ്രാവുകളെ രക്ഷിക്കാന്‍ ആള്‍ക്കാര്‍ക്കിത്ര വെപ്രാളം..
പേടിക്കേണ്ട കുഞ്ഞാടുകളെ നിങ്ങളുടെ ആള്‍ദൈവങ്ങള്‍ പിടിപ്പതിനും മുകളെയാണു. നട്ടെല്ലുള്ള ഒരു സര്‍ക്കാരിനെ സ്വപ്നം പോലും കാണാന്‍ കഴിയാത്ത സ്ഥിതിക്ക് ഈ അമ്മദൈവങ്ങളെ ആരും തൊടില്ല. എത്ര കൊലപാതങ്ങള്‍ (റൊപ്പീര്‍ട്ട് ചെയ്തവയായലും, മൂടിവെക്കപ്പെട്ടതായാലും),ആയാലും കേസുകളായാലും, കോടതി സമണ്‍സുകളായാലും, ഒന്നും ഒരു പത്രവും മിനക്കെടില്ല.
കോടതികള്‍ ഇതൊക്കെ ഒന്നു മറക്കാന്‍ മുട്ടി നില്‍ക്കുന്നത് കാണാന്‍ രസം

കൂട്ടിനു ഒരു വരേണ്യവര്‍ഗ്ഗവും അര്‍ദ്ധ ഫാസിസ്റ്റ് സംഘടനകളും, മതവികാരം വൃണപ്പെടാന്‍ മുട്ടി നില്‍ക്കുന്ന അധികാരബലവും ഉണ്ടെങ്കില്‍ കെട്ടിപ്പിടിക്കുന്ന അമ്മമാരും ശ്വാസം വിടാന്‍ പടിപ്പിക്കുന്ന സ്വാമിമാരും, മേലു ചൊറിയാന്‍ പടിപ്പിക്കുന്ന സ്വാമിമാരും നാടു ഭരിക്കും.
അത്രേയുള്ളൂ.

Spark said...

ഷൗക്കത്തിനെ അഭിനന്ദിക്കാന്‍ വരട്ടെ. ഇതൊക്കെ ആളുകളെ പറ്റിക്കലല്ലെ?
തങ്ങളുമാരുടെ തട്ടിപ്പ് വിളിച്ചുപറയാന്‍ ഇവര്‍ക്ക് ധൈര്യം ഉണ്ടായിരുന്നെങ്കില്‍ ഇതിനും എത്രയോ മുന്‍പ് പറയേണ്ടതല്ലെ? എന്തുകൊണ്‍ടുണ്ടായില്ല? എന്തുകൊണ്‍ടുണ്ടാകുന്നില്ല.
ഈ ഉരിയാടിയ കാര്യത്തില്‍ ഉറച്ചുനില്‍ക്കാന്‍ ഇവറ്ക്കു കഴിയുമോ?
യൂഡീയെഫ് ആയി നിലകൊള്ളുമ്പോള്‍ , കുറെ കഴിഞാല്‍ ലീഗാരാണെന്നും കോണ്‍ഗ്രസ് ആരാണെന്നും അറിയാത്ത സ്ഥിതി വരും. അതൊഴിവാക്കാനും കോണ്‍ഗ്രസുകാരെ കോണ്‍ഗ്രസാക്കഇ നിര്ത്താനും ആര്യാടന്‍ ഇറക്കുന്ന ചെപ്പടിവിദ്യകള്‍ മാത്രമാണിതെല്ലാം.
ആര്യാടന്‍ ഷൗക്കത്തും ആര്യാടന്‍ മുഹമ്മദുമൊന്നും ഇനി ഒരക്ഷരം ശബ്ദിക്കുമെന്ന് തോന്നുന്നില്ല.
കേന്ദ്രത്തീന്ന് സോണിയാ മാഡമാ ഇടപെട്ടിരിക്കുന്നത്.