Tuesday, May 27, 2008

തീവെട്ടി, കിടുവാ

ഡാലീ,
തീവെട്ടി എന്നത് ദീപയഷ്ടി എന്ന പദം ലോപിച്ച് ഉണ്ടായതാണ്‌. ഓടുകൊണ്ടോ ഇരുമ്പുകൊണ്ടോ തീര്‍ത്ത Y ആകൃതിയിലുള്ള ഏതാണ്ട് മുക്കാല്‍ ആള്‍ പൊക്കത്തിലെ ഒരു വലിയ പന്തം ആണ്‌ അത്. മുകളറ്റം കുറേ കുഴികളാണ്‌, ഇതില്‍ എണ്ണയൊഴിച്ച് അനേകം തിരികള്‍ കൊളുത്താം. പിടി കമ്പിപ്പാര പോലെ നിലത്ത് കുത്തി നാട്ടിയാല്‍ അതിനെ എവിടെയും സ്ഥാപിക്കുകയും ചെയ്യാം നടക്കുമ്പോള്‍ കൊടി പോലെ തോളില്‍ ചേര്‍ത്ത് പിടിച്ചു നടക്കുകയും ചെയ്യാം.

ഇന്ന് തീവെട്ടി അമ്പലങ്ങളിലെയും മറ്റും ആറാട്ട് പോകുമ്പോള്‍ മുന്നില്‍ കുറെപ്പേര്‍ പിടിച്ചുകൊണ്ട് നടന്നു പോകുന്നത് മാത്രമാണ്‌ തീവെട്ടി കാണാനുള്ള വഴി. പണ്ട് പട്ടാളവും മറ്റും തീവെട്ടിക്കാരുടെ വെളിച്ചത്തിലായിരുന്നു മൂവ്മെന്റ് നടത്തിയിരുന്നത്.

തീവെട്ടിക്കൊള്ളക്കാര്‍ എന്നാല്‍ നിര്‍ഭയം കൂട്ടമായി ഒളിക്കാതെയും ഭയക്കാതെയും കയറിവന്ന് വീടുകൊള്ളയടിച്ചുകൊണ്ട് പോകുന്ന സംഘങ്ങളായിരുന്നു. ആയുധധാരികളഅയി തീവെട്ടിയും കൊണ്ട് കൊച്ചു പട്ടാളം പോലെ അവര്‍ വീടാക്രമിക്കും, സ്വണ്ണവും പണവും മാത്രമല്ല, വീട്ടുസാധനങ്ങളും പശു കോഴി മുതല്‍ വീട്ടിലെ സ്ത്രീകളെ വരെ പിടിച്ചുകൊണ്ട് പോകും. പല അമ്പലങ്ങളുടെയും ചരിത്രത്തിലും തീവെട്ടിക്കൊള്ളക്കാര്‍ കയറിയതും അവരെ നേരിട്ടതും ജയിച്ചതും തോറ്റതുമൊക്കെ കാണാം. തീവെട്ടിക്കൊള്ള എന്ന പ്രയോഗത്തിനു dacoity അര്‍ത്ഥം .

കിടുവ!
ഒരു രസമുള്ള വാക്കാണ്‌. ശരിക്കും മലയാളമല്ല, എന്നാല്‍ ആയുര്വ്വേദവും ബുദ്ധമതവും പ്രചരിപ്പിക്കാന്‍ ഇറങ്ങിക ശ്രീലങ്കന്‍ സന്യാസിമാര്‍ക്കൊപ്പം കിടുവയും കേരളത്തിലെത്തി. കിടുവ എന്നാല്‍ ഒരു കൂട് ആണ്‌ സന്നി, പേയ് ഇവയൊക്കെ ബാധിവര്‍ക്കുള്ള ഐസൊലേഷന്‍ സെല്‍ സന്നിക്കിടുവ, പേയ്ക്കിടുവ എന്നൊക്കെ ആയിരുന്നു അവര്‍ വിളിച്ചിരുന്നത്.

കടുവയും കിടുവയും- sont les mots qui vont très bien ensemble ആയതുകൊണ്ട് (ശ്ശെഡാ പത്തിരുപത് ഭാഷ അറിയാമെങ്കിലും ഉള്ള ഓരോ ബുദ്ധിമുട്ടേ, അല്ലാതെ പാട്ടു കേട്ടിട്ടൊന്നുമല്ല) ഒരു പെയര്‍ ആയെന്നേയുള്ളു എന്ന് തോന്നുന്നു. വാച്യാര്‍ത്ഥത്തില്‍ കടുവയെ പിടിച്ച കൂട് എന്നാണു വരുന്നത്.
സിബു,
ഓരോ വാക്കുകളും ഒരു ചരിത്രം പറയേണ്ടതാണ്‌. നമുക്കാകട്ടെ മന:പ്പൂര്വ്വം നശിപ്പിക്കപ്പെട്ട ചരിത്രമാണ്‌ ഉള്ളത്. ഐതിഹ്യങ്ങളും പാണപ്പാട്ടുകളും കുത്തിക്കയറ്റാനായി നമ്മുടെ കഥ നശിപ്പിക്കപ്പെട്ടു.

ഇപ്പോള്‍ വെറും ഊഹങ്ങള്‍ മാത്രം കയ്യില്‍. രണ്‍റ്റുദിവസം മുന്നേ ആനക്കരയില്‍ നിന്നും കുടക്കല്ലുകള്‍ കണ്ടെടുത്തു . "ഇതുവരെ കുടക്കല്ലുകള്‍ തകര്‍ത്ത നിലയിലാണ്‌ കണ്ടിട്ടുള്ളത്, ആദ്യമായി അവ ഇന്റാക്റ്റ് ആയി കിട്ടിയത് വളരെ പ്രതീക്ഷ തരുന്നു, ഒട്ടേറെ കാര്യങ്ങള്‍ മനസ്സിലാവും" എന്ന് രാജന്‍ ഗുരുക്കളും റൊമില ഥാപ്പറും പറയുന്നു. ശവക്കല്ലറകളെപ്പോലും വെറുതേവിടാതെ നമ്മുടെ ചരിത്രം മായ്ച്ചുകളഞ്ഞ സാമദ്രോഹികള്‍ ആരാവോ. അതോ നമ്മളൊക്കെ അങ്ങനെ തകര്‍ക്കാന്‍ വന്നവരുടെ പിന്‍‌തലമുറ ആണോ .

പതിനായിരം വര്‍ഷത്തെ ആന്‍സെന്‍സ്ട്രി ഫ്രെഞ്ച് പോലിനേഷ്യക്കാര്‍ക്ക് കൃത്യമായി അറിയാമെന്ന് ആ വര്‍ഗ്ഗത്തിലെ ഒരു വൃദ്ധന്‍ എന്നോട് അവകാശപ്പെട്ടു. ഞാന്‍ എനിക്കെന്റെ ചരിത്രം ഇരുന്നൂറു വര്‍ഷത്തിനപ്പുറത്തേക്ക് അറിയില്ല എന്ന് തല കുനിച്ച് പറയേണ്ടി വന്നു.


മരമാക്രീ,
ഹരികൃഷ്ണനെന്നല്ല എന്റെ പേര്‍. അമ്മച്യാണെ!


മരമാക്രീ,
ഹരികൃഷ്ണനെന്നല്ല എന്റെ പേര്‍. അമ്മച്യാണെ!

ലോലാ, അന്യാ
ഞങ്ങള്‍ അതിനു ക്രാഞ്ഞില്‍ എന്ന് ഫുള്‍ ഫോമിലും ക്രാലി എന്ന് ചുരുക്കത്തിലും വിളിക്കും. തൂക്കാന്‍ നല്ലതാണോ എന്നറിയില്ല, പിള്ളേര്ക്ക് അടി കൊടുക്കാന്‍ ബെസ്റ്റാ!

സുല്ല്, ഉഗാണ്ട, ഓര്‍മ്മകള്‍, നന്ദി.

ഡിങ്കാ,
നഞ്ഞ് - ഞങ്ങടവിടെ നഞ്ച് എന്നാണു പറയുക. കുടിവെള്ളത്തില്‍ നഞ്ചു കലക്കിയവന്‍ ( സ്വന്തക്കാനെ നശിപ്പിച്ചവന്‍) , കലക്കവെള്ളത്തില്‍ നഞ്ചു കലക്കി (ഓയില്‍ റ്റു ട്രബിള്‍ഡ് വാട്ടര്‍) എന്നൊക്കെ ചില പ്രയോഗത്തിലും കാണാം

6 comments:

ഡാലി said...

ഒഹ്! ഇപ്പോ തീവെട്ടി മനസ്സിലായി. കുഞ്ഞായിരുന്നപ്പോള്‍ ഉണ്ടായിരുന്ന വഴിപ്രാര്‍ത്ഥനയ്ക്കു ഈ സാധനം ഉണ്ടായിരുന്നു. ഇപ്പോ പെട്രോമാക്സ് ആണു ഇങ്ങനെ വടിയില്‍ ആക്കി പിടിക്കുന്നതു്. താങ്ക്സ് അന്തോണിച്ചാ. കിടുവ ഒരു ജീവി തന്നെയാണേന്നാണു കരുതീയിരുന്നതു് എ ബിഗ് കടുവ. അപ്പോ അതലാല്ലെ :(

ജോസഫ് said...

മാക്രിയുടെ ഇര ഇപ്പൊള്‍ അ.ആന്റണിയാണല്ലൊ!!!

ഭക്ഷണപ്രിയന്‍ said...

മരമാക്രീ പ്രിയ മരമാക്രീ നീ നിന്റെ ബ്ലൊഗ് തുറന്നിടൂ. നിന്റെ പൊസ്റ്റൂകള്‍ വായിക്കാന്‍ ഈയിള്ളവനെ അനുവദിക്കൂ

എതിരന്‍ കതിരവന്‍ said...

തീവെട്ടിയുടെ അറ്റത്ത് കുഴികളല്ല. ഒരു വൃത്തത്തിന്റെ വ്യാസം മാതിരി പലേ കമ്പികള്‍ ആണ്. ഈ കമ്പിയുടെ അറ്റത്ത് പഴന്തുണി ചുറ്റി അതേല്‍ എണ്ണ ഒഴിച്ച് ആ എണ്ണ കത്ത്യ്ക്കുകയാണ്‍. തുണിക്കെട്ട് ധാരാളം എണ്ണ കുടിച്ചിരിക്കും അതുകൊണ്ട് തുണി കത്തിപ്പോവുകയില്ല എളുപ്പം.
ഇനി നിങ്ങടെ നാട്ടില്‍ കുഴിയും അതില്‍ എണ്ണയൊഴിപ്പും ആണോ?

തീ എന്ന വാക്ക് ‘ദീപം’ എന്നതിനു ശേഷം വന്നതാണോ?

അനോണി ആന്റണി said...

എതിര്‍ജീ
കമ്പി കൊണ്ടുള്ള തീവെട്ടിയും കണ്ടിട്ടുണ്ട്. എന്നാല്‍ വലിയ പത്രാസുള്ള അമ്പലത്തില്‍ കുഴികളുള്ള അതില്‍ തിരി തിരുകുന്ന തരം ഓടിന്റെ തീവെട്ടി കണ്ടതിനാല്‍ മറ്റേത് ഒരു ഇമ്പ്രൊവൈസേഷന്‍ ആണെന്ന് ധരിച്ചു പോയതാണ്‌. രണ്ടും ധാരാളം കണ്ടിട്ടുണ്ടേ.

അമ്പലത്തിന്റെ റിക്കോര്‍ഡുകള്‍ പ്രകാരം "ദീപയഷ്ടി" എന്ന് ഇതിനു പേര്‍ കണ്ടിട്ടുള്ളതുകൊണ്ട് അത് ലോപിച്ചാണ്‌ തീവെട്ടി ആയതെന്നുള്ള വാദം ഏതാണ്ട് പൂര്‍ണ്ണ മനസ്സില്‍ സമ്മതിച്ചതാണ്‌.

തീ ദീപത്തെക്കാള്‍ തീര്‍ച്ചയായും നമുക്ക് പഴയതാണ്‌.

തീജി എന്ന ആദിദ്രാവിഡ പദമാണ്‌ മലയാളം തമിഴ്, കന്നഡ ഭാഷകളിലെ തീ എന്ന് പറയപ്പെടുന്നു. ദീപം എന്നതിനോട് ബന്ധപ്പെട്ട് ദീപിച്ചു ദീവച്ചു എന്നൊന്നും നമുക്കില്ല, പക്ഷേ ആദിമ തമിഴു തൊട്ടേ തീ, തീന്ത്, തീപ്പ്, തീട്ട് എന്നിങ്ങനെ പലതമ്മുണ്ട്, തീപ്പെട്ടി മുതല്‍ തീയല്‍ വരെ. തീക്കൊള്ളി രണ്ട് സുന്ദരന്‍ ആദിമപദങ്ങള്‍ ചേര്‍ത്ത സാധനമാണ്‌

തീയോളം പഴക്കം നെരിപ്പിനും ഉണ്ട്. നമുക്ക് ഇപ്പോ നെരിപ്പോടൊഴിച്ച് ബാക്കിയെല്ലാം പോയെങ്കിലും തമിഴില്‍ ഇവന്‍ സ്റ്റ്റോങ്ങാ

ഏ ജെ,


ഗീതാഗോവിന്ദം മാലതീമാധവം എന്നു തുടങ്ങി ശേഷം വരുന്ന സന്ദേശകാവ്യങ്ങളും മറ്റും അസഹ്യമായ ആവര്‍ത്തനങ്ങളായ സമയത്ത് രാമക്കുറുപ്പ് എഴുതിയതാണ്‌ ചക്കീചങ്കരം . ചക്കിയും ചങ്കരനും പോലെ എന്ന പറച്ചില്‍ അതില്‍ നിന്നും വന്നതായിരിക്കണം (അതോ ഇനി മറിച്ചാണോ, ഉറപ്പില്ല)

നീക്കിത്തള്ളുന്ന അച്ചിയും നിരങ്ങിയുണ്ണുന്ന നായരും സാഡിസ്റ്റ് മസോക്കിസ്റ്റ് കപ്പിള്‍ പോലെ സുന്ദരന്‍ ജോഡി ആണ്‌. എത്ര സുന്ദരന്‍ പ്രയോഗം. അച്ചിക്ക് ഇരിക്കുന്ന ആളിനു മുന്നില്‍ വിളമ്പുന്നതിനു പകരം പാത്രങ്ങള്‍ നീക്കി ഒറ്റത്തള്ള് തള്ളുന്നതാണു രസം. അവരുടെ ഭര്‍ത്താവിനോ അവിടിവിടെയായി ഇവര്‍ നിരക്കി വച്ച പാത്രങ്ങള്‍ക്ക് ചുറ്റും നിരങ്ങി നടന്ന് ഉണ്ണുന്നതാണു രസം. ഇതിലും ചേര്‍ച്ചയുണ്ടോ.

ജോസഫേ മാക്രീടെ സൈറ്റില്‍ എന്നെക്കുറിച്ച് ഒന്നും കണ്ടില്ല (വെറുതേ ആശിപ്പിച്ചതാണോ എന്റെ നോട്ടക്കുറവാണോ)

ഭക്ഷണാ എനിക്ക് മാക്രിബ്ലോഗ് കാണാമല്ലോ?

എതിരന്‍ കതിരവന്‍ said...

തീവെട്ടി ദീപയഷ്ടിയുടെ തദ്ഭവം എന്ന് ശബ്ദതാരാവലിയില്‍ കാണുന്നതിനോട് യോജിപ്പില്ല. ദീപം എന്ന വാക്കുമായി വടക്കുനിന്നും ആളുകള്‍ വരുന്ന വരെ തീയ്ക്ക് ഒരു വാക്കില്ലായിരുന്നു എന്നു വിചാരിക്കാന്‍ വയ്യല്ലൊ.

“തീ” എന്നത് ചൂടുള്ള എന്നര്‍ത്ഥത്തില്‍ ഉപയോഗിച്ച് സംസ്കൃതക്കാര്‍ ഒരു വാക്കുണ്ടാക്കിയതാണ് ‘തീക്ഷ്ണം’. തീ-ക്ഷണ, ക്ഷണം എന്ന് ശബ്ദതാരാവലി തന്നെ അന്വയം കൊടുത്തിരിക്കുന്നു.

‘തി-താ‘ എന്ന നൃത്തച്ചൊല്ല് തീയ്ക്കു ചുറ്റും അമ്മദൈവത്തെ പ്രകീര്‍ത്തിച്ച് (തായ്) ചുവടുകള്‍ ചവിട്ടിക്കളിച്ചതിന്റെ വായ്ത്താരിയാണെന്ന് എവിടെയോ വായിച്ചു.

പ്രസിദ്ധമായ ചക്കീചങ്കരം എഴുതിയത് കെ. സി. നാരായണന്‍ നമ്പ്യാര്‍ (1873-1922)ആണ്. പി. രാമക്കുറൂപ്പിന്റേത് തെക്കന്‍ ചക്കീചങ്കരം എന്നറിയപ്പെടുന്നു. ആദ്യത്തേത് കെ. സി. യുടെതാണെന്നു തോന്നുന്നു.”ചക്കിപ്പെണ്ണേ ചടുലനയനേ...” എന്ന പ്രസിദ്ധശ്ലോകം ഇതിലേതാണ്.പുളിച്ചിങ്ങോത്ത് അമ്മുണ്ണിയമ്മ എന്ന പേരിലാണ് പ്രസിദ്ധപ്പെടുത്തിയത്, 1894 ല്‍. ‘ചക്കി=ശക്തി,ചങ്കരന്‍=ശകരന്‍ എന്നാണ് ഇതിന്റെ ധാതു‘ എന്ന് കെ. സി. തന്നെ പറയുന്നു. (ഉള്ളൂരിന്റെ സാഹിത്യചരിത്രത്തില്‍ നിന്ന്).