Tuesday, November 13, 2007

തുറയേറ്റം

ചൊരിമണല്‍ തുടങ്ങുന്നയിടത്ത്   വണ്ടി നിര്‍ത്തി മൂപ്പന്‍ ചാടിയിറങ്ങി. നുകത്തില്‍ നിന്നും  കനമിറങ്ങിയപ്പോള്‍ വണ്ടിത്തട്ട് പൊക്കി കാള പിടലി കുടഞ്ഞു. പിന്‍പടി എടുത്ത് ഉള്ളിലേക്ക് നോക്കാതെ അയാള്‍ പറഞ്ഞു "ഇറങ്ങാം. അക്കാണുന്നതാണ്‌ താമസിക്കേണ്ട ചാള."

മഠത്തിലമ്മ  തലകുനിക്കാതെ വണ്ടിയില്‍ നിന്നും ഇറങ്ങാന്‍ പാടുപെട്ടു.  പുരയിലേക്ക് മണലിലൂടെ അവര്‍ അയാള്‍ക്കൊപ്പം നടക്കുമ്പോള്‍ ഇരുവശത്തുള്ള കൂരകളില്‍ നിന്നും ആളുകള്‍ ഓടിക്കൂടി.
ജനം പിന്നാലെ നടന്നു തുടങ്ങിയപ്പോള്‍ മൂപ്പനൊന്നു തിരിഞ്ഞു നിന്നു. 
"പോകിനെടാ. ആരുടമ്മേടെ പൊടവകൊട കാണാനാ ഇയ് വരുന്നത്?"

വാരിയില്‍ കെട്ടിത്തൂക്കിയിരുന്ന തഴപ്പായ എടുത്ത് വിരിച്ച് അയാള്‍ അവരെ ഇരുത്തി.
"മോരുവെള്ളം വേണോ കുടിക്കാനക്കൊണ്ട്‍?"
"വേണ്ട."
പിന്നെ എന്തു പറയണമെന്ന് അയാള്‍ക്കറിയില്ലായിരുന്നു.

"എന്നെ എന്തിനു  വാങ്ങി മരയ്ക്കാനേ?"
"തമ്പുരാന്‍ റാണിയെ അടിമയാക്കി വില്പ്പനയ്ക്കു വച്ചെന്ന് ഇന്നലെ ചെണ്ടകൊട്ടി വിളംബരമുണ്ടായിരുന്നു. വാങ്ങാനാരുമില്ലെങ്കില്‍ തൃക്കൈ കൊണ്ട് തന്ന പുടവ വാങ്ങിയതാണ്‌  എന്നു കൂടി നിനയ്ക്കാതെ  കഴുവേറ്റുമെന്ന് അറിയാവുന്നതുകൊണ്ട് ഞാന്‍ വന്നു കൊണ്ടുപോന്നു.  ഇനിയെവിടേക്കാണെന്ന് വച്ചാല്‍ തമ്പുരാട്ടിക്ക് പോകാം."

പോകണം. എവിടെയോ ഒരു ബാലിക ഒളിവില്‍ താമസിക്കുന്നു.  അമ്മാവന്റെ കഴുത്തരിഞ്ഞ, അതു ചോദിക്കാന്‍ ചെന്ന അമ്മയെ അടിമയാക്കി വിറ്റ അവളുടെ പിതാവിന്റെ ചോരയ്ക്കു കൊതിച്ച്.

"കൊച്ചുതങ്ക എവിടെയെന്ന് അന്വേഷിക്കാന്‍ വഞ്ചികള്‍ പുറപ്പെട്ടിട്ടുണ്ട്. കണ്ടെത്തിയാല്‍ അവിടേക്ക് പോകാന്‍ ഒരു ഇരുട്ടുകുത്തി തയ്യാര്‍ ചെയ്ത് നിറുത്തിയിട്ടുണ്ട്.  ഉറങ്ങാം. ഇവിടെ ഭയം വേണ്ട. ഇപ്പോള്‍ തിരുവിതാംകൂറിന്റെ റാണിയല്ല, മരയ്ക്കാന്റെ പെണ്ണല്ലേ.പിന്നെ ഇതും വച്ചോളൂ." മൂപ്പന്‍ ഒരു പുതപ്പില്‍ പൊതിഞ്ഞ മൂന്ന് പേര്‍ഷ്യന്‍ വാളുകളും പഴയൊരു ഉറുമിയും  അവര്‍ക്കു കൊടുത്തു.

" മകളെ തിരക്കി പോയവര്‍ ആരെങ്കിലും തിരികെ വന്നിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരാം." മൂപ്പന്‍ ഒരു കൈക്കോടാലി എടുത്ത് ചുമലിലിട്ട് പുറത്തേക്ക് നടന്നു.

 മകള്‍! പുത്തന്‍ മരയ്ക്കാത്തി മെല്ലെ കണ്ണു തുടച്ചു.   ആരെങ്കിലും ഇവിടേയ്ക്ക് വന്നിരുന്നെങ്കില്‍ തന്റെ പുരുഷന്റെ പേരെന്തെന്ന് ചോദിക്കാമായിരുന്നു.

4 comments:

ഗുപ്തന്‍ said...

അണ്ണന്‍ സീരിയസായാ...

ഇതും ചരിത്രം അല്ലെ :(

പ്രയാസി said...

ഇതും കൊള്ളാം..:)

Umesh::ഉമേഷ് said...

നിരാശപ്പെടുത്തി ആന്റണീ. കഥ നല്ലതല്ലെന്നല്ല. ആന്റണി ഹാസ്യമേ എഴുതാവൂ എന്ന നിര്‍ബന്ധവുമല്ല. എങ്കിലും ഞങ്ങളുടെ ആന്റണി കൈവിട്ടു പോയോ എന്നൊരു സംശയം...

ദിലീപ് വിശ്വനാഥ് said...

ആന്റോ ഓടി വാ.. ദേ ബ്ലോഗില്‍ വേറെ ആരോ കയറി എഴുതുന്നു.