Tuesday, September 18, 2007

സ്വയം തൊഴില്‍

വിദ്യ അഭ്യസിച്ചിറങ്ങിയശേഷമാണ്‌ മനസ്സിലായത്‌ പിഴച്ചു പോകണമെങ്കില്‍ കലാശാല പകര്‍ന്നു തന്ന വിദ്യവും അഭ്യാസവും തികയില്ലെന്ന്.കോളേജു ഫീസ്‌ എന്ന പേരില്‍ വീട്ടില്‍ ഇസ്കിയിരുന്ന കാശും നിലച്ചു . ഇനിയെങ്ങനെ സിസ്സര്‍ വലിക്കും? സിനിമകാണും? പൊറോട്ടേം ബീഫ്‌ ഫ്രൈയും കഴിക്കും? അടുത്താണ്ട്‌ ഓണത്തിനു ബാഗ്‌പൈപ്പര്‍ ഗോള്‍ഡ്‌ എന്തെടുത്തു കൊടുത്തു വാങ്ങും?

ബിസിനസ്സ്‌ തുടങ്ങാം. ഷാനവാസ്‌ പറഞ്ഞു. അക്കാലത്ത്‌ സ്വാശ്രയകോളേജും മറ്റും അനുവദിച്ചു തുടങ്ങിയിട്ടില്ല, ഗ്യാരണ്ടി റിട്ടേണ്‍ ഉള്ള ബിസിനസുകള്‍ ബ്ലേഡും അബ്കാരിയും മാത്രം. ഇതു രണ്ടും തുടങ്ങാല്‍ കോടി ഒന്നു രണ്ടു വേണം, ഐ ആര്‍ ഡി പി ലോണ്‍ കൊണ്ട്‌ തുടങ്ങാവുന്ന കാര്യമല്ല. കൊക്കിനു ഒതുങ്ങുന്നത്‌ അല്ലേ കൊത്താവൂ.
കേബിള്‍ ടീവിക്കാര്‍ പച്ചപിടിച്ചു കഴിഞ്ഞേ പിന്നെ വീഡിയോ ലൈബ്രറിയും അങ്ങോട്ട്‌ എറിക്കുന്നില്ല. പെട്ടിക്കട തുടങ്ങാന്‍ ദുരഭിമാനം സമ്മതിക്കുന്നില്ല. പട്ടിക്കാട്‌ ജങ്ക്ഷനില്‍ പിന്നെ എന്തിനാണു സ്കോപ്പ്‌?

യുറീക്കാ, ഷാനവാസ്‌ പറഞ്ഞു.

ഛേയ്‌ യുറീക്കയും ബാലരമയുമൊന്നും വില്‍ക്കാന്‍ ഞാനില്ലെടാ.

അതല്ലെടാ. നമുക്ക്‌ ഒരു ഇന്റര്‍നെറ്റ്‌ കഫേ തുടങ്ങാം. അതാകുമ്പോ ലോണ്‍ കിട്ടും, ചെലവും കുറവ്‌, വരവ്‌ ധാരാളം, നമുക്ക്‌ അതായത്‌ ഓണര്‍മാര്‍ക്ക്‌ ഫുള്‍ ടൈം ചാറ്റും ചെയ്യാം.

വീട്ടില്‍ അവതരിപ്പിച്ചു. മകനിലെ
ധീരുഭായി അംബാനിയെ തിരിച്ചറിയാന്‍ കഴിയാത്ത അപ്പന്‍ വിഷമിച്ചൊരു സമ്മതം മൂളി, പക്ഷേ ധനാഭ്യര്‍ത്ഥന വോട്ടിനു പോലും ഇടാതെ തള്ളി. ലോണേ ശരണം.

എന്തരെടാ കടേടെ പ്യാര്‌? ഹെഡ്‌ ഓഫ്‌ തെ ഫാമിലി അന്വേഷിച്ചു.

ഷാനന്‍
എന്തു ഭാഷയാടാ അത്‌? ഹീബ്രുവാ?
അത്‌ ഭാഷയൊന്നുമല്ലപ്പാ, ഷാനവാസിന്റെ ഷായും ആന്റണീടെ ആനും ചേര്‍ത്തതാ.

എന്നാ ആന്റണീണ്ടെ തോണിയും ഷാനവാസിന്റെ വാസും കൂട്ടി ചേര്‍ത്ത്‌ തോന്നിവാസ്‌ എന്നാക്കെടാ പേര്‍, അതാകുമ്പോ ഇന്റര്‍നെറ്റ്‌ കഫേക്ക്‌ ചേരും.

കടയുടെ പേര്‍ സൈബര്‍ വേള്‍ഡ്‌ എന്നാക്കി. കട കുറച്ചുകാലം ഓടി, പിന്നെ കട പൂട്ടി ഞങ്ങളും ഓടി. വേളി വെട്ടുകാട്‌ വഴി ഓടുമ്പോ ഒരു വിമാനം പോകണത്‌ കണ്ട്‌ അതില്‍ ഓടിക്കേറി. പണി കിട്ടുന്ന നാട്ടിലോട്ട്‌ പോയി. സ്വയം തൊഴില്‍ കണ്ടെത്തലിന്റെ കത അത്രേയുള്ളു.

6 comments:

ശ്രീ said...

അപ്പോ ഹെഡ് ഓഫ് ദ ഫാമിലി ക്കും നല്ല ഹ്യൂമര്‍‌ സെന്‍‌സുണ്ടല്ലേ?
“തോന്നിവാസ്” നല്ല പേരു തന്നെ ആയിരുന്നൂട്ടോ.
:)

സു | Su said...

:) തോന്നിവാസ് കട ഉണ്ടായിരുന്നെങ്കില്‍...

മറ്റൊരാള്‍ | GG said...

"എന്നാ ആന്റണീണ്ടെ തോണിയും ഷാനവാസിന്റെ വാസും കൂട്ടി ചേര്‍ത്ത്‌ തോന്നിവാസ്‌ എന്നാക്കെടാ പേര്‍, അതാകുമ്പോ ഇന്റര്‍നെറ്റ്‌ കഫേക്ക്‌ ചേരും."

അറിയാതെ ചിരിച്ചുപോയി.
മോന്റപ്പന്‍ തന്നെ. നല്ല ഹ്യൂമര്‍ സെന്‍സ്‌.

മന്‍സുര്‍ said...

സത്യം പറഞ കഥയുടെ പേരുമായിട്ടാണ്‌ ഞാന്‍ വന്നത്‌ പക്ഷേ കട പൂട്ടി എന്ന്‌ കേട്ടപ്പോ...വിഷമമായി..പക്ഷേ അതിലെറെ വിഷമം തോന്നിയത്‌ പറന്നു എന്നു കേട്ടപ്പോഴാണ്‌...സരമില്ല...രക്ഷപ്പെട്ടവര്‍ ധാരളം മുന്നില്‍ .
നല്ലൊരു പേര്‌ വേസ്റ്റായി..ആന്‍റ്റിബയോട്ടിക്ക്‌

പിന്നെ പട്ടിക്കാട്‌ എന്നു പറഞത്‌ നമ്മുടെ പെരിന്തല്‍മണ്ണ പട്ടിക്കാട്‌ ആണോ...എങ്കില്‍ ഉടനെ പരിചയപെടണം ...മറകരുത്‌ മോകം പടി നമ്മുക്ക്‌ ആളുണ്ടു.

അനോണി ആന്റണി said...

കമന്റടിച്ചവര്‍ക്കെല്ലാം നന്ദി
മണ്‍സൂറേ, നമ്മടെയവിടൊക്കെ ഒരു പുരോഗതിയുമില്ലാത്ത കവലയ്ക്കെല്ലാം പട്ടിക്കാടെന്നു പറയാറുണേ, അല്ലാതെ പെരിന്തല്‍മണ്ണക്കാരനല്ലേ. ഞാന്‍ തിരുവനന്തപുരത്തിനടുത്ത്‌ ജീവിച്‌ വരുന്നു

മൂര്‍ത്തി said...

തൃശ്ശൂര്‍-പാലക്കാട് റൂട്ടിലും ഒരു പട്ടിക്കാടുണ്ട്..മണ്ണുത്തിയൊക്കെക്കഴിഞ്ഞ്..
തമിഴന്മാര്‍ക്കുമുണ്ട് പട്ടിക്കാട്..കേട്ടിട്ടില്ലേ?
പട്ടിക്കാടാ പട്ടേണമാ..
ഊരു സുറ്റപ്പോലാമാ?

ഒരു വിധത്തില്‍ ഉര്‍വശീശാപം ഉപകാരപ്രദം..കഫേ പൂട്ടിയതു കൊണ്ട് ഒരു ബ്ലോഗറെ കിട്ടി..ഓഫടിക്കാന്‍ ഇവിടെ എന്തു സുഖം...:)